പത്താംക്ലാസ്സ് പരീക്ഷയിൽ ഭൂരിപക്ഷം പേരും വിജയിക്കുകയും അതിൽ നല്ലൊരു ശതമാനത്തിനു A+ ലഭിക്കുകയും അവരെ പൊതുസമൂഹം ആദരിക്കുകയും മറ്റും ചെയ്യുമ്പോൾ, പരാജയപ്പെട്ടവരെക്കുറിച്ചോ, അവരുടെ പരാജയകാരണങ്ങളെക്കുറിച്ചോ ആരും ചിന്തിക്കാറില്ല. വിജയികളെപ്പോലെ പരാജിതരും സമൂഹത്തിൻെറ ഭാഗമാണ്. സ്കൂൾ തലത്തിൽ പഠനത്തിൽ പിന്നോക്കം പോയ പലരും പിന്നീട് വിദ്യാഭ്യാസത്തിലൂടെ തിരിച്ചുവന്ന് ഈ ലോകത്ത് വലിയ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. ഈ യാഥാർഥ്യം മനസ്സിലാക്കി, കുട്ടികളുടെ ശാരീരിക മാനസിക-സാമൂഹിക-ആരോഗ്യം ഉറപ്പുവരുത്തി സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നതാണ് "ഹോപ്പ്" പദ്ധതിയുടെ ഉദ്ദേശ്യം. 
               കുട്ടികളെ ഭാഷാ പരിജ്ഞാനം, തൊഴിലധിഷ്ഠിത പരിജ്ഞാനം എന്നിവക്ക് അനുയോജ്യമായ പഠനരീതിയിലൂടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുക, കുടുംബത്തിലും സമൂഹത്തിലും അവരുടെ പങ്കും അന്തസ്സും ഉറപ്പാക്കുക, അനാരോഗ്യകരമായ പെരുമാറ്റ-വൈകാരിക വ്യതിയാനങ്ങളിൽ നിന്നും അവരെ തടയുക  എന്നിവയാണ് "ഹോപ്പ്" പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. പത്താംക്ലാസ്സ് പരാജയപ്പെട്ട കൗമാരക്കാർ കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന്, കഞ്ചാവ് വ്യാപനം പോലുള്ള അനാരോഗ്യകരമായ പ്രവണതയിലേക്ക് പോകാനുള്ള സാധ്യതയും കേരള പോലീസ് നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നു. കഴിഞ്ഞ വർഷത്തിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 140 കുട്ടികളെ കണ്ടെത്തുകയും, വിവിധ ഇടപെടലുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പരിശീലനം നൽകുകയും, അതിൽ 115 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ പാസ്സായി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുകയും ചെയ്തു. അതിൻെറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വിപുലീകരിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്.
               ഹോപ്പ് പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ ബഹു. പി.എച്ച്.ക്യു  പോലീസ് ഇൻസ്പെക്ടർ ജനറൽ   (അഡ്മിൻ)  ശ്രീ പി. വിജയൻ ഐ.പി.സ് അവർകളും അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസർ ബഹു. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ എ.വി. ജോർജ്ജ് ഐ.പി.സ് അവർകളുമാണ്.